പുഴക്കരയിൽ കണ്ടുമുട്ടിയ ആ 18 വയസ്സുകാരി
ജീവിതത്തിലെ ചില ദിവസങ്ങൾ അങ്ങനെയാണ് നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആവും നടക്കുക സ്വന്തം ജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് അല്പം ആശ്വാസം കിട്ടാൻ അന്ന് പുഴക്കരയിൽ ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ വെറുതെ ഫോണും നോക്കി ഇരിക്കുമ്പോൾ, തികച്ചും അപരിചിതയായ ഒരു പെൺകുട്ടി എന്റെ അരികിലേക്ക് വന്നു. ഫോൺ ചോദിച്ചു കോൾ ചെയ്യാനായിരുന്നു. അവിടെ നിന്നാണ് ആ കഥ തുടങ്ങുന്നത്.
ഗൾഫിൽ നിന്നുള്ള അവളുടെ കാമുകന്റെ കോളുകളും, ഇടയ്ക്ക് വന്നുപോയ അവളുടെ കൂട്ടുകാരിയും ഒക്കെ കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകളിലെ ഭയമാണ് എന്നെ അവളോട് സംസാരിക്കാൻ പ്രേരിപ്പിച്ചത്. 18 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. പ്രണയത്തിന്റെ പേരിൽ വീട്ടിൽ നിന്ന് നേരിടുന്ന ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങൾ അവൾ എന്നോട് തുറന്നുപറഞ്ഞു. ഇന്നലെ അവളുടെ ഫോൺ വീട്ടുകാർ തല്ലിപ്പൊളിച്ചു, കഴിക്കുന്ന ഭക്ഷണത്തിന് പോലും കുറ്റപ്പെടുത്തുന്നു. ഒടുവിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ അവർ പറയുന്നു.
പ്രണയത്തിന്റെ തീവ്രതയിൽ വീടുവിട്ടിറങ്ങാൻ നിൽക്കുന്ന അവളുടെ മുന്നിൽ ഞാൻ നിർത്തിയത് എന്റെ സ്വന്തം ജീവിതമായിരുന്നു. വീട്ടുകാരെ എതിർത്ത് പ്രണയിച്ച് കല്യാണം കഴിച്ച എന്റെ ജീവിതത്തിലെ നരകതുല്യമായ അനുഭവങ്ങൾ ഞാൻ അവൾക്ക് വിവരിച്ചുകൊടുത്തു. കാരണം എനിക്ക് അവളോട് പറയാനുണ്ടായിരുന്നത് ഒന്നുമാത്രം: എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും വീട്ടുകാരെ കൈവിടരുത്. നാളെ ഒരു പ്രതിസന്ധി വന്നാൽ ഈ പറയുന്നവരൊന്നും ഉണ്ടാകില്ല അവരേ ഉണ്ടാകൂ.
വീടുവിട്ടിറങ്ങി അനാഥയാകുന്നതിലും നല്ലത് നിയമപരമായി പോലീസിന്റെ സഹായം തേടുന്നതാണെന്ന് ഞാൻ അവൾക്ക് മനസ്സിലാക്കിക്കൊടുത്തു. കേസാകുമെന്ന് പേടിച്ച് കാമുകന്റെ കൂട്ടുകാർ പോലും അവളെ വഴിയിൽ ഉപേക്ഷിച്ച് മാറിയപ്പോൾ അവൾ എന്നോട് കൂടെ വരേണ്ട എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് അവളെ പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ ഞാൻ തീരുമാനിച്ചു.
പോലീസ് സ്റ്റേഷനിൽ വെച്ച് അവളുടെ ഉമ്മയും അനിയനും വന്നു. അനിയൻ പറഞ്ഞത് മറ്റൊരു വശമായിരുന്നു അവൾക്ക് പല ബന്ധങ്ങളുണ്ടെന്നും ഒരു നിക്കാഹ് വരെ ഇതിന്റെ പേരിൽ മുടങ്ങിപ്പോയെന്നും അവൾ കാരണം കുടുംബം നാണംകെട്ടു എന്നുമാണ് അവൻ പറഞ്ഞത് അവൾക്ക് പോണമെങ്കിൽ പോകാം എന്നവന്റെ ദേഷ്യം കണ്ടപ്പോൾ ഞാൻ അവനെ അടുത്തുവിളിച്ചു പറഞ്ഞു സഹോദരാ അവൾക്ക് 18 വയസ്സേ ഉള്ളൂ. പിടിച്ചാൽ കിട്ടാത്ത പ്രായമാണ്. അവളെ ചേർത്തുപിടിക്കേണ്ടത് നീയല്ലേ ഒരു പെൺകുട്ടിയാണ് ഫുഡ് കഴിക്കുന്നതിന് പോലും കുറ്റപ്പെടുത്തി അവളെ ഇറക്കിവിടരുത് എന്റെ വാക്കുകൾ അവന്റെ ഉള്ളിൽ തട്ടിയോ എന്ന് എനിക്കറിയില്ല.
എല്ലാം കഴിഞ്ഞ് വീട്ടുകാർക്കൊപ്പം പോകുമ്പോൾ അവളുടെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നു സന്തോഷമില്ലായിരുന്നു. ഇനി എന്താകും എന്ന ആകുലത എന്റെ ഉള്ളിലുമുണ്ട്. എങ്കിലും, നിയമത്തിന്റെ മുന്നിൽ വെച്ച് അവളെ വീട്ടുകാർക്ക് കൈമാറാൻ കഴിഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ എനിക്ക് കൈ തന്ന് അഭിനന്ദിച്ചപ്പോൾ അവളുടെ അനിയൻ എനിക്ക് പണം തന്നപ്പോൾ ഞാനത് സ്നേഹത്തോടെ നിരസിച്ചു. അവനോട് ഒന്നുമാത്രം പറഞ്ഞു എനിക്ക് പൈസയൊന്നും വേണ്ട അവളുടെ കല്യാണത്തിന് എന്നെ വിളിച്ചാൽ മതി.
ഈ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചതും എനിക്ക് പറയാനുള്ളതും
സിനിമയല്ല ജീവിതം 18 വയസ്സിലെ പ്രണയം തലയ്ക്ക് പിടിക്കുമ്പോൾ ജീവിത യാഥാർത്ഥ്യങ്ങൾ പലരും മറന്നുപോകുന്നു. പെട്ടെന്നുള്ള ഇറങ്ങിപ്പോക്കുകൾ പെൺകുട്ടികളെ എത്തിക്കുന്നത് വലിയ ചതിക്കുഴികളിലാണ്.
ചേർത്തുപിടിക്കേണ്ടത് കുടുംബമാണ് തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല. പക്ഷേ അതിന്റെ പേരിൽ സ്വന്തം ചോരയെ വഴിയിലേക്ക് തള്ളിവിടാൻ മാതാപിതാക്കളോ സഹോദരങ്ങളോ തുനിയരുത്. ആക്രോശങ്ങളല്ല, തിരുത്തലുകളാണ് ഈ പ്രായത്തിൽ അവർക്ക് വേണ്ടത്.
മനുഷ്യത്വം മരിച്ചിട്ടില്ല നമുക്ക് ചുറ്റും ഒരുപാട് പ്രശ്നങ്ങൾ നടക്കുമ്പോൾ എനിക്കെന്ത് എന്ന് പറഞ്ഞ് മാറിനിൽക്കരുത്. ഒരുപക്ഷേ നമ്മുടെ ഒരു ചെറിയ ഇടപെടൽ ഒരു ജീവനായിരിക്കും രക്ഷിക്കുന്നത്.
അവളുടെ ജീവിതം ഇനി നല്ലൊരു വഴിക്ക് വരാൻ പ്രാർത്ഥിക്കുന്നു. അന്ന് ആ പുഴക്കരയിൽ ഞാൻ പോയത് എന്റെ സങ്കടങ്ങൾ മാറ്റാൻ മാത്രമായിരുന്നില്ല മറ്റൊരാളുടെ ജീവിതത്തിന് കാവലാകാൻ കൂടി വേണ്ടിയായിരുന്നു എന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു.
Disclaimer: ഈ പോസ്റ്റ് എന്റെ സ്വന്തം Blogger സൈറ്റിലും ഞാൻ പബ്ലിഷ് ചെയ്തിട്ടുള്ളതാണ്: [https://j4nma.blogspot.com/2026/06/18.html]
You have shared a very sensitive and instructive incident. It was truly commendable to listen to this girl at a difficult time, give her sound advice and safely reach the police station. Hopefully his life will move forward in a better direction.
The most beautiful message of this text is that humanity is still alive. Young people should make decisions with wisdom rather than emotion, while families should solve problems with love and guidance rather than anger. Your thoughtfulness and compassion is admirable.